വളർത്തുമൃഗങ്ങളോ കുഞ്ഞുമൃഗങ്ങളോ ആവട്ടെ, പോറലേറ്റാൽ പോലും ജാഗ്രത വേണം; 15 മിനിറ്റ് കഴുകിയ ശേഷം ഉടൻ ചികിത്സ തേടണം

news image
Feb 24, 2025, 2:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്‍, കടി എന്നിവയേറ്റാല്‍ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവര്‍ പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.

മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക. കാലിലെ വിണ്ടുകീറലില്‍ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. വളർത്തു മൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കുകയും വേണം. കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുതെന്നും ഡിഎംഒ അറിയിച്ചു.

വീട്ടില്‍ വളര്‍ത്തുന്ന മൃഗത്തില്‍ നിന്നായാലും വാക്‌സിന്‍ എടുത്ത മൃഗത്തില്‍ നിന്നായാലും കുഞ്ഞുമൃഗങ്ങളില്‍ നിന്നായാലും കടി, പോറല്‍, എന്നിവ ഉണ്ടായാല്‍ അവഗണിക്കാതെ പേവിഷബാധയ്‌ക്കെതിരെയുള്ള ഐഡിആര്‍വി വാക്സിൻ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe