തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. മേലാറ്റിങ്ങൽ ഉദിയറ കടവിൽ കളിക്കാനിറങ്ങിയ നാലു പേരിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു. നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്‍റെയും രണ്ടാമത് ഗോകുലിന്‍റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്. നല്ല ആഴമുള്ള ഭാഗത്തായിരുന്നു കുട്ടികൾ കുളിക്കാനിറങ്ങിയതെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്നാമതൊരു കുട്ടിയും ഒഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്നെങ്കിലും എങ്ങിനെയോ നീന്തി രക്ഷപെടുകയായിരുന്നെന്നും ഫയർഫോഴ്സ് പറഞ്ഞു. കടയ്ക്കാവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളെജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
