കോഴിക്കോട്: നിന്നുതിരിയാൻ ഇടമില്ലാത്തവിധം യാത്രക്കാരുടെ രൂക്ഷമായ തിരക്കുമായി ട്രെയിനുകൾ. കണ്ണൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകളിൽ ഞായറാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടത് അതിരൂക്ഷമായ ജനത്തിരക്ക്. തുടർച്ചയായ അവധി ദിനങ്ങൾക്കു ശേഷം യാത്ര ചെയ്യുന്നവരും ദേശീയപാത വഴിയുള്ള യാത്രക്കുരുക്കുമാണു ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും അതിരൂക്ഷമായ ജനത്തിരക്കിനിടയാക്കുന്നത്.
ചെറിയ കുട്ടികളുമായി എത്തിയ യാത്രക്കാർ ഒട്ടേറെയായിരുന്നു. ട്രെയിനിനകത്തു പലർക്കും ശ്വാസം മുട്ടി. തിക്കും തിരക്കും സഹിക്കാനാവാതെ പല കുട്ടികളും വാവിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, വടകര, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരായിരുന്നു അധികവും. ഉച്ചയോടെ തന്നെ തുടങ്ങിയ തിരക്ക്, രാത്രിയിലും തുടർന്നു. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലടക്കം വൻ തിരക്കാണനുഭവപ്പെട്ടത്.
ഷൊർണൂർ വഴിയുള്ള യശ്വന്ത്പുർ എക്സ്പ്രസിൽ ഒട്ടേറെ യാത്രക്കാർക്കു കയറാൻ പറ്റിയില്ല. റെയിൽവേ പൊലീസും ആർപിഎഫും പാടുപെട്ടാണു തിരക്കു നിയന്ത്രിച്ചത്. നിർമാണ പ്രവർത്തി നടക്കുന്നതിനാൽ, കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ തീരെ ഇടമില്ലാത്തതു തിക്കും തിരക്കും വർധിക്കാനിടയാക്കി. നൂറു കണക്കിനു യാത്രക്കാരാണ് വൈകിട്ടു സ്റ്റേഷനിൽ തിങ്ങിക്കൂടിയത്.
ഒന്നോ രണ്ടോ മെമു ട്രെയിനുകൾ ഷൊർണൂർ– കണ്ണൂർ റൂട്ടിൽ ഓടിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കേ, റെയിൽവേ അധികൃതർ കോഴിക്കോട്ടെ യാത്രാ പ്രശ്നത്തിനു തീരെ ഗൗരവം നൽകിയിട്ടില്ല. ഓണം അവധിയടക്കം അടുത്തെത്തിയിരിക്കെ, കൂടുതൽ മെമു ട്രെയിനുകളില്ലെങ്കിൽ സ്ഥിതി അതീവ ഗൗരവമാകുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. ഒന്നാം പ്ലാറ്റ്ഫോമിൽ സ്ഥല സൗകര്യം തീരെ കുറവാണെന്നതിനാൽ, ചെറിയൊരു തിക്കും തിരക്കും പോലും ദുരന്തത്തിലേക്കു നയിച്ചേക്കാമെന്നാണ് ആശങ്ക.