ആറ്റിങ്ങൽ: വികസന, ക്ഷേമപ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ എന്തെല്ലാം ശ്രമങ്ങളുണ്ടായാലും സർക്കാർ പിറകോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ സുസ്ഥിരവികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ എല്ലാ ജനവിഭാഗങ്ങൾക്കും ഉപകരിക്കണമെന്ന ചിന്തയാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പട്ടികജാതി, വർഗ, പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഇനിയും സാമൂഹ്യ,സാമ്പത്തിക നീതി ഉറപ്പാക്കാനായിട്ടില്ല. രാജ്യത്ത് പലഭാഗത്തും ഇവർക്കുനേരെ അതിക്രമവും വിവേചനവും വർധിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന സംവരണാവകാശങ്ങൾ ഇല്ലാതാക്കുന്നു. പത്ത് ബിഎക്കാരെ സ്വന്തം സമുദായത്തിൽനിന്ന് കണ്ടിട്ട് മരിക്കണമെന്നാണ് അയ്യൻകാളി ആഗ്രഹിച്ചത്.
കേരളത്തിൽ എട്ടുവർഷത്തിനുള്ളിൽ പട്ടികവിഭാഗത്തിൽപ്പെട്ട 800 വിദ്യാർഥികൾ സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശത്തുപോയി. വർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിന് മാതൃകയാണ്.
ജനസംഖ്യയുടെ 9.1 ശതമാനമുള്ള പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും 1.45 ശതമാനമുള്ള പട്ടികവർഗ വിഭാഗത്തിന് 2.83 ശതമാനം തുകയുമാണ് സംസ്ഥാന ബജറ്റിൽ നീക്കിവച്ചത്. രാജ്യത്ത് 16.6 ശതമാനമുള്ള പട്ടികജാതി വിഭാഗങ്ങൾക്ക് 3.53 ശതമാനവും 8.6 ശതമാനമുള്ള പട്ടികവർഗ വിഭാഗങ്ങൾക്ക് 2.65 ശതമാനവുംമാത്രമാണ് കേന്ദ്രം നീക്കിവച്ചത്. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും കേന്ദ്രം വെട്ടിക്കുറച്ചു. പട്ടികജാതി വിഭാഗത്തിനുള്ള 1,078 കോടിരൂപയുടെ സ്കോളർഷിപ്പ് 921 കോടിയായും പിന്നാക്ക വിദ്യാർഥികളുടെ 90 കോടിയുടെ സ്കോളർഷിപ്പ് 50 കോടിയായും കുറച്ചു. പട്ടികവർഗത്തിനുള്ള സ്‌കോളർഷിപ്പിലും കുറവുവരുത്തി. ഇവർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അസൂത്രിത നീക്കമായേ ഇതിനെ കാണാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.ട്രൈബൽ പ്ലസ് പദ്ധതിയിൽ കൂടുതൽ തൊഴിൽ സൃഷ്ടിച്ച അഗളി, പുതൂർ, ആറളം പഞ്ചായത്തുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി കൈമാറി. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.