കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ജനവിധിയാണ് നടക്കുന്നതെന്നും വികസന തുടർച്ചയ്ക്കായി ജനങ്ങൾ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ആർ.സി അമല സ്കൂളിൽ കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്ക് ഇടവേളയുണ്ടാകാൻ പാടില്ലെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്ന് തൃത്താലയിലെ സ്ഥാനാർത്ഥിയും സ്പീക്കറുമായ എം.ബി. രാജേഷ് പ്രതികരിച്ചു. യു.ഡി.എഫിനെ ഭരണമേൽപ്പിക്കുന്നത് ചിന്തിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തൃത്താലയിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെയും എം.ബി. രാജേഷ് ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രയോഗത്തിൽ അധിക്ഷേപമില്ലെന്നും അദ്ദേഹം നല്ല ഉദ്ദേശത്തോടു കൂടി പറഞ്ഞ കാര്യങ്ങളിലെ ശൂന്യമായ ഭാഗങ്ങൾ യു.ഡി.എഫുകാർ തെറ്റായി പൂരിപ്പിക്കുന്നതാണ് പ്രശ്നമെന്നും രാജേഷ് പറഞ്ഞു. വോട്ടെടുപ്പ് പുരോഗമിക്കവെ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് പ്രകടമാകുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
