കൊണ്ടോട്ടി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പരിചയം നടിച്ച് ബൈക്കില്‍ കയറ്റി വഴിമധ്യേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുല്പറ്റ ആരക്കോട് ഒളമതില്‍ താരന്‍പിലാക്കല്‍ അബ്ദുല്‍ ഗഫൂര്‍ (46) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഉദ്ദേശ്യം മനസ്സിലാക്കിയ കുട്ടി ഓടുന്ന ബൈക്കില്‍നിന്ന് എടുത്ത് ചാടിയാണ് രക്ഷപ്പെട്ടത്. കുട്ടിയുടെ കൈയിലും കാലിലും ഗുരുതരമായി പൊട്ടലേല്‍ക്കുകയും ചെയ്തു. മാനഹാനിയെ കരുതി കുട്ടിയും രക്ഷിതാക്കളും വിവരം പുറത്തു പറഞ്ഞിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് കുട്ടിയേയും വീട്ടുകാരേയും കണ്ടെത്തി നിയമ വശങ്ങള് ധരിപ്പിച്ച ശേഷമാണ് കേസെടുത്തത്.
പ്രതി ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ പെട്ടന്ന് തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് പ്രയാസമായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായതെന്നും പൊലീസ് വ്യക്തമാക്കി. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജിഷില്‍, സ്ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, അബ്ദുല്ല ബാബു, അജിത് കുമാര്‍, ഋഷികേശ് എന്നിവരാണ് അന്വേഷണ സംഘം
