തന്റെ വരാനിരിക്കുന്ന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ എത്തിയ വിജയ്യെ വളഞ്ഞ് ആരാധകർ. നടനെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് ആരാധക പ്രവാഹമാണ് കാത്തുനിന്നത്. കാറിനടുത്തേക്ക് നടന്ന സമയത്താണ് ജനങ്ങൾ താരത്തെ വളഞ്ഞത്. ആൾക്കൂട്ടത്തിൽ ഇടയിൽപ്പെട്ട് വിജയ് താഴെ വീണു. പിന്നീട് സുരക്ഷാ സംഘം അദ്ദേഹത്തെ സുരക്ഷിതമായി കാറിലേക്ക് കൊണ്ടുപോയി. നടന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
വിജയ്യെ കണ്ട ആരാധകർ സുരക്ഷ സേനയുടെ ബെൽറ്റ് ഭേദിച്ച് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സാഹചര്യം സംഘർഷഭരിതമായത്. ആരാധകർ നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ശ്രമിച്ചു. ഇതിനിടയിലാണ് വിജയ് വീണത്. ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ചും കലാകാരന്മാരുടെ സുരക്ഷയെക്കുറിച്ചും ഈ സംഭവം ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് സമാനമായ സംഭവം അരങ്ങേറുന്നത്. മുമ്പ് രണ്ട് വ്യത്യസ്ത പരിപാടികളിൽ നടിമാരായ നിധി അഗർവാളിനും സാമന്തക്കും സമാനമായ പ്രശ്നം നേരിട്ടിരുന്നു.
ഡിസംബർ 27 ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ നടന്ന ആഡംബര പരിപാടിയിലാണ് ‘ദളപതി തിരുവിഴ’ എന്ന ഓഡിയോ ലോഞ്ച് നടന്നത്. പൂർണ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതിന് മുമ്പുള്ള നടന്റെ അവസാന സിനിമയെ ആഘോഷിക്കാൻ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉൾപ്പെടെ ഏകദേശം 80,000 പേർ ഒത്തുകൂടി. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ നടന്റെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) മത്സരിക്കും.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് പൊലീസ് ഓഫിസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെയും ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ജഗദീഷ് പളനിസാമി, ലോഹിത് എൻകെ എന്നിവരാണ്. അനിരുദ്ധ് രവിചന്ദർ സംഗീതവും സത്യൻ സൂര്യൻ കാമറയും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2026 പൊങ്കൽ റിലീസിലായി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും.
