ന്യൂഡൽഹി: എട്ട് പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കി എയർ ഇന്ത്യ. മെയ് 13നുള്ള സർവീസുകളാണ് റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഢ്, രാജ്കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. സുരക്ഷമുൻനിർത്തി സർവീസുകൾ റദ്ദാക്കുന്നുവെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.
യാത്രികർ യാത്രക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് കമ്പനി അറിയിച്ചു. ഇതിന് പുറമേ ഇൻഡിഗോ ജമ്മു, അമൃത്സർ, ഛണ്ഡിഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കാണ് വലിയ പ്രാധാന്യം നൽകുന്നതെന്ന് അറിയിച്ചാണ് കമ്പനി സർവീസുകൾ റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം അടച്ചിട്ട 32 എയർപോർട്ടുകൾ തുറക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട എയർപോർട്ടുകൾ തുറക്കുമെന്നാണ് അതോറിറ്റിയുടെ അറിയിപ്പ്. നേരത്തെ റദ്ദാക്കിയ സർവീസുകൾ ഇന്ന് മുതൽ പുനഃസ്ഥാപിക്കുമെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു.
അതേസമയം, ശത്രുക്കളുടെ ഒരു ഡ്രോണും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് സൈന്യം അറിയിച്ചു. സ്ഥിതി പൂർമായും നിയന്ത്രണവിധേയമാണ്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് അതിർത്തി നഗരങ്ങളിലെ നിരവധി എയർപോർട്ടുകൾ അതോറിറ്റി അടച്ചിരുന്നു.