തിരുവനന്തപുരം: ഈ ഓണക്കാലത്ത് പഴം പച്ചക്കറികളുടെ വില നിയന്ത്രണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷകചന്തകളുടെ ഭാഗമായി ഹോർട്ടിക്കോർപ്പിന്റെ സഞ്ചരിക്കുന്ന ഓണചന്തകളും. സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുകളുടെ ഫ്ലാഗ് ഓഫ് കൃഷി മന്ത്രി പി പ്രസാദ് സെക്രട്ടറിയറ്റിന് മുന്നിൽ നിർവ്വഹിച്ചു.
പഴം, പച്ചക്കറികൾക്ക് മെച്ചപ്പെട്ട വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് ഗുണഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് കർഷക ചന്തകൾ. കൃഷിവകുപ്പിന്റെ 1076 ചന്തകളും വിഎഫ്പിസികെയുടെ 160 ചന്തകളും ഹോർട്ടികോർപ്പിന്റെ 764 ചന്തകളും ഉൾപ്പടെ 2000 ഓണച്ചന്തകളാണ് കൃഷിവകുപ്പ് ആരംഭിക്കുന്നത്. 25 മുതൽ 28 വരെയുള്ള നാല് ദിവസങ്ങളിലായിരിക്കും ചന്തകൾ പ്രവർത്തിക്കുന്നത്. കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് വ്യാഴാഴ്ച ആലപ്പുഴയിൽ നിർവഹിച്ചു.