വിലങ്ങാട് വനത്തിൽ വഴിതെറ്റി കുടുങ്ങിയ മൂന്ന് യുവാക്കളെ നാലുമണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

news image
Jun 27, 2026, 3:47 am GMT+0000 payyolionline.in

കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ പെട്ടുപോയ മൂന്ന് യുവാക്കളെ വനംവകുപ്പും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. ചോറോട് ഗോകുലം സ്കൂളിന് സമീപം താമസിക്കുന്ന കരിപ്പാൽ ഫാസിൽ (22), മൊട്ടേമ്മൽ ഫാസിൽ (23), റഹ്‌മത്തിൽ പി.പി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്‌ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപമുള്ള വയനാടൻ മലനിരകളുടെ ഭാഗമായ കാട്ടിൽ കുടുങ്ങിയത്. തിരികക്കയം വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം വൈകീട്ട് അഞ്ചുമണിയോടെ പുല്ലംപാറ വ്യൂപോയിന്റ് കാണാനായി കാട്ടിൽ കയറിയതായിരുന്നു ഇവർ. ഇതിനിടയിൽ കരിപ്പാൽ ഫാസിലിന് വഴിതെറ്റുകയും ഇയാളെ കണ്ടെത്താനായി കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂക്കിവിളിച്ചും മൊബൈൽ ഫ്ലാഷ്‌ലൈറ്റ് തെളിയിച്ചും വനത്തിനുള്ളിലൂടെ നടക്കുകയും ചെയ്തു.

​ഈ ശബ്ദവും വെളിച്ചവും ശ്രദ്ധയിൽപ്പെട്ട പുറത്തുള്ള നാട്ടുകാർ ആരോ കാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കി ഉടൻ തന്നെ വനംവകുപ്പിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാത്രി എട്ടുമണിയോടെ വനത്തിനുള്ളിൽ തിരച്ചിൽ ആരംഭിച്ചു. എന്നാൽ എട്ടുമണിക്ക് ശേഷം കാട്ടിൽ നിന്നുള്ള ശബ്ദവും വെളിച്ചവും നിലച്ചത് തിരച്ചിൽ സംഘത്തിൽ വലിയ ആശങ്കയുണ്ടാക്കി. വഴിതെറ്റിയ ഫാസിലിനെ തിരികെ കണ്ടെത്തിയതോടെയാണ് യുവാക്കൾ കൂക്കിവിളിക്കുന്നതും ഫ്ലാഷ്‌ലൈറ്റ് അടിക്കുന്നതും നിർത്തിയത്. അപ്പോഴേക്കും രാത്രിയായതിനാലും പുറത്തേക്കുള്ള വഴി കൃത്യമായി അറിയാത്തതിനാലും ഇവർ വനത്തിനുള്ളിൽ ഒരിടത്ത് ഒന്നിച്ച് ഇരിക്കുകയായിരുന്നു.

​രാത്രി 10.45-ഓടെ മൂന്നുമണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ യുവാക്കൾ ഇരുന്നിരുന്ന സ്ഥലത്ത് എത്തിച്ചേർന്നു. തുടർന്ന് ആവശ്യമായ മുൻകരുതലുകളോടെ ഇവരെ കാടിന് പുറത്തേക്ക് നയിക്കുകയും രാത്രി 11 മണിയോടെ മൂവരെയും സുരക്ഷിതമായി താഴെയെത്തിക്കുകയും ചെയ്തു. നാല് മണിക്കൂറോളം നീണ്ട ആശങ്കയ്ക്കാണ് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സമയബന്ധിതമായ ഇടപെടലിലൂടെ ശുഭപര്യവസാനമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe