വന്യമൃഗങ്ങളെ കുടുക്കാൻ മൊബൈൽ ആപ്പ് ; വിവരമറിയിക്കാം, റസ്‌ക്യൂ സംഘം പാഞ്ഞെത്തും

news image
Feb 27, 2025, 8:21 am GMT+0000 payyolionline.in

കോഴിക്കോട്: വന്യമൃഗങ്ങളെ കണ്ടാൽ പേടിച്ചോടേണ്ട. ഫോണിലൂടെ വെെൽഡ് വാച്ച് ആപ്പിൽ വിവരമറിയിക്കാം. ജാഗ്രതാനിർദ്ദേശവും പിന്നാലെ റസ്‌ക്യൂ സംഘവും എത്തും. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനം വകുപ്പ് ആവിഷ്‌കരിച്ചതാണിത്. വയനാട്, നിലമ്പൂർ, റാന്നി, മൂന്നാർ, കണ്ണൂർ എന്നിവിടങ്ങളിലായി ട്രയൽ റൺ നടന്നുകൊണ്ടിരിക്കുന്ന ആപ്പ് ഈ മാസം അവസാനത്തോടെ നിലവിൽവരുമെന്ന് അധികൃതർ അറിയിച്ചു. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത്, മുള്ളൻ പന്നി, മരപ്പട്ടി, പന്നി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ കെെമാറാം. ആപ്പ്​ ഡൗൺലോഡ്​ ചെയ്ത് ഉപയോഗിക്കുന്നവർക്കെല്ലാം ​ മൃഗങ്ങളുടെ നീക്കത്തെക്കുറിച്ച് സന്ദേശമെത്തും. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്‌കരിച്ച സർപ്പ ആപ്ലിക്കേഷനിൽ വന്യമൃഗങ്ങളെയും ഉൾപ്പെടുത്താനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ട്രയൽ റണ്ണിൽ കണ്ടെത്തിയതോടെയാണ് വന്യമൃഗങ്ങൾക്കായി പ്രത്യേകം ആപ്പ് ഒരുക്കിയത്. ആപ്പിന്റെ ഡാഷ്ബോർഡിൽ സർപ്പ ഓപ്ഷനും ഉണ്ടാകും. അയ്യപ്പഭക്തൻമാരുടെ സംരക്ഷണത്തിനായി ശബരിമല സീസണിൽ ആപ്പ് ഒരുക്കിയിരുന്നു. അത് ഫലപ്രദമായിരുന്നു.

പ്രവർത്തനം ഇങ്ങനെ

വന്യമൃഗങ്ങളെ കണ്ടാൽ ഫോട്ടോ, സ്ഥലം തുടങ്ങിയ വിവരങ്ങൾ ആപ്പിലേക്ക് കെെമാറാം. ഫോട്ടോ നിർബന്ധമല്ല. ജി.പി.എസ്​ മുഖേന പ്രവർത്തിക്കുന്ന ആപ്പിലൂടെ സന്ദേശങ്ങൾ ഫോറസ്റ്റ് ഓഫീസർമാരിലെത്തും. ജാഗ്രതാനിർദ്ദേശങ്ങൾ ലഭിക്കുന്നതിനൊപ്പം വനം വകുപ്പിന്റെ ആർ.ആർ.ടിമാർ സ്ഥലത്തെത്തി മൃഗങ്ങളെ പിടികൂടും. ആന, കടുവ തുടങ്ങിയവയാണെങ്കിൽ വലിയ റസ്ക്യൂ ടീം എത്തും. റസ്‌ക്യൂ സംഘത്തെ അയയ്ക്കുന്നതോടൊപ്പം അവിടെ ഒരു പ്രശ്‌നം ഉണ്ടെന്ന നോട്ടിഫിക്കേഷൻ എല്ലാവരിലേക്കുമെത്തും. അതിനാൽ മറ്റ് സഞ്ചാരികൾക്കും ജനങ്ങൾക്കും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാം. ഓരോ ദിവസവും എവിടെയെല്ലാം വന്യജീവികളിറങ്ങി, എത്രയെണ്ണത്തെ തുരത്തി, അപകടമേഖല ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe