തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കിടയിലും മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും സെക്രട്ടറിയേറ്റിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രധാന പദവിയിലേക്ക് കൊണ്ടുവന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്.
ഈ നിയമനം പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ മുൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉയർന്ന പദവി നൽകിയതിന് സമാനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷന്റെ ഭാഗമായിരുന്നു ഖേൽക്കറെന്നും, ഈ നിയമനത്തിന് പിന്നിലെ ‘ഡീൽ’ അടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനകത്ത് തന്നെ ഈ നിയമനത്തിൽ പ്രശ്നങ്ങളുണ്ടെന്നും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഇതിൽ വ്യക്തമായ മറുപടിയില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. സി.പി.ഐ.എം നേതാവ് പി. രാജീവ് ഉൾപ്പെടെയുള്ളവരും ഈ നിയമനത്തെ യു.ഡി.എഫിനെ ജയിപ്പിച്ചതിലുള്ള ഉപകാരസ്മരണയായിട്ടാണ് വിശേഷിപ്പിച്ചത്.
ബംഗാളിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയ ബി.ജെ.പി നടപടിയെ ‘മോഷണം കൂടും തോറും പ്രതിഫലവും കൂടും’ എന്ന് രാഹുൽ ഗാന്ധി അന്ന് വിമർശിച്ചിരുന്നു. ഈ മുൻകാല വിമർശനങ്ങൾ നിലനിൽക്കെയാണ് കേരളത്തിലും സമാനമായ നിയമനം നടന്നിരിക്കുന്നത്. എന്നാൽ, രത്തൻ ഖേൽക്കറുടെ നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, തികച്ചും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനായതുകൊണ്ടാണ് ഈ പദവി നൽകിയതെന്നും കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിയമനത്തെ പൂർണ്ണമായി അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
