കോഴിക്കോട്: വിവാഹ ആഘോഷത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. കല്ലൂത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ജനുവരി 13-ന് രാത്രി പത്തരയോടെ നഗരത്തിലെ എസ്.കെ പൊറ്റക്കാട് ഹാളിലായിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ പ്രതികൾ ബഹളമുണ്ടാക്കിയത് കല്ലൂത്താൻ കടവ് സ്വദേശിയായ ഭാരതി എന്ന യുവാവ് ചോദ്യം ചെയ്യുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം തീർക്കാൻ പ്രതികൾ യുവാവിനെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൈയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള ഉപയോഗിച്ചായിരുന്നു പ്രധാനമായും അക്രമം നടത്തിയത്. മർദ്ദനത്തിൽ ഭാരതിയുടെ പല്ല് ഇളകിപ്പോകുകയും താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഗോവിന്ദപുരം, കല്ലൂത്താൻ കടവ്, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്.
കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
