വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; സൈനിക നഴ്സ് കോടതി കയറി, 60 ലക്ഷം നഷ്ട‍പരിഹാരം നൽകണം, കേന്ദ്രത്തിന് തിരിച്ചടി

news image
Feb 21, 2024, 12:16 pm GMT+0000 payyolionline.in

ദില്ലി: സർവ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും സൈനിക നഴ്സിനെ പിരിച്ചുവിട്ട കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. സൈനിക നഴ്സിങ് സർവീസിൽനിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക്  60 ലക്ഷം രൂപ നഷ്ട‍പരിഹാരം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. 1988 ൽ വിവാഹശേഷം സർവീസിൽനിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

വനിത നഴ്സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹിതയായതിനാൽ ജോലിയിൽ നിന്നും പിരിച്ച് പിടുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണ്. ലിംഗാധിഷ്ഠിത പക്ഷപാതം ഭരണഘടനാ വിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്‍റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെ‍ഞ്ച് വ്യക്തമാക്കി. തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2012ൽ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിനെ സെലീന സമീപിച്ചിരുന്നു. ട്രൈബ്യൂണൽ സെലീനയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇവരെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.

 

എന്നാൽ 2019ൽ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ട്രൈബ്യൂണൽ വിധിയിൽ ഒരു ഇടപെടലും ആവശ്യമില്ലെന്നു ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിന്റെ പേരിൽ മിലിട്ടറി നഴ്‌സിങ് സർവീസിൽനിന്ന് പിരിച്ചുവിടാൻ 1977ൽ കൊണ്ടുവന്ന നിയമം 1995ൽ പിൻവലിച്ചതായും കോടതി ചൂണ്ടിക്കാട്ടി. സൈനിക നഴ്സിങ് സർവീസിൽ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ, കരസേന ഓഫിസറെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇവരെ കാരണം പോലും ചോദിക്കാതെ ജോലിയിൽനിന്ന് പറഞ്ർുവിട്ടത്. വിവാഹം കഴിച്ചാൽ നിയമനം റദ്ദാക്കുമെന്ന കരസേന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഈ വാദം തള്ളിയാണ് കോടതി ഉത്തരവിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe