കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ച കാറ്ററിങ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്‌സ് ഉടമ വിഷ്ണു മോഹനാണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
സെപ്തംബർ 13-ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹങ്ങൾക്ക് ഭക്ഷണം നൽകാം എന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കൃത്യസമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി. സംഭവത്തിൽ ബി.എൻ.എസ്. 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ നിലവിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, എറണാകുളം കുന്നത്തുനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ നിലവിലുള്ളത്.
