ഒരുകാലത്ത് മലയാളിയുടെ രുചിക്കൂട്ടിലെ അത്ര പ്രധാന ഇനമായിരുന്നില്ല മല്ലിയിലയെങ്കിലും ഇന്ന് കറിവേപ്പില പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് മല്ലിയിലയും. പലപ്പോഴും കടയിൽ നിന്നും നാം വാങ്ങിക്കുന്ന മല്ലിയില രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ നശിച്ചു പോകാറാണ് പതിവ്. എന്നാൽ, വളരെ എളുപ്പത്തിൽ മല്ലിയില വീട്ടിൽ തന്നെ നട്ടു പരിപാലിക്കാൻ സാധിക്കും. മല്ലിയില വീട്ടിൽ നട്ടുവളർത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മല്ലിയില കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് മണ്ണിളക്കുക. ശേഷം ചാണകപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്ത് രണ്ടുദിവസം വെള്ളമൊഴിച്ച് നനയ്ക്കുക.
ഗ്രോ ബാഗിലാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മണ്ണും ചാണകപ്പൊടിയും നന്നായി മിക്സ് ചെയ്ത് മിശ്രിതം ബാഗിൽ നിറക്കുക. ശേഷം വെള്ളമൊഴിച്ച് രണ്ടുദിവസം നനയ്ക്കുക.
മണ്ണ് ഒരുക്കി രണ്ടു ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കി മറിച്ചതിനു ശേഷം മല്ലി വിത്തുകൾ നടാം. മല്ലി വിത്ത് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വിത്തിൻ്റെ തോടിന് കട്ടി കൂടുതലായതിനാൽ കൈകൊണ്ട് നല്ലതുപോലെ തിരുമ്മി അതിനുള്ളിൽ ഉള്ള വിത്താണ് മണ്ണിൽ പാകേണ്ടത്.
കൈകൊണ്ട് തിരുമ്മി വിത്ത് പൊട്ടിക്കാൻ സാധിക്കുന്നില്ല എങ്കിൽ ചപ്പാത്തി കോലുകൊണ്ട് അമർത്തിയതിനുശേഷം വിത്ത് മണ്ണിൽ വിതറി അതിനുമുകളിൽ അല്പം മണ്ണിട്ടാലും മതിയാകും.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം.13 ദിവസം കൊണ്ടാണ് സാധാരണ മല്ലി മുളച്ചു വരിക. മുളച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം വെള്ളം നൽകിയാൽ മതിയാകും. വെള്ളം അധികമായാൽ തൈ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്.
മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് മുറിച്ചെടുക്കുക. ശേഷം പച്ച ചാണക വെള്ളം തളിക്കുന്നതും നല്ലതാണ്. ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും നല്ലതാണ് വേറെ വളപ്രയോഗം ആവശ്യമില്ല.
ഓർക്കുക, അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശമുള്ള ഒരു പച്ചക്കറിയാണ് മല്ലിയില. അതിനാൽ ഒന്നു ശ്രമിച്ചാൽ നമ്മുടെ വീട്ടിൽ തന്നെ ആവശ്യത്തിനു മല്ലിയില വളർത്തിയെടുക്കാം.