കാസർകോട്: വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വടിവാളുമായെത്തി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാക്കൾ. വടിവാളും കത്തിയുമായുള്ള ആക്രമണത്തിൽ നാലു പേർക്കാണ് വെട്ടേറ്റത്.
കാസർകോട് നാലാംമൈലിൽ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. ഇബ്രാഹിം സൈനുദീൻ, ഫവാസ്, അബ്ദുൽ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്.
ഏതാനും യുവാക്കൾ വീടിന് സമീപം പടക്കം പൊട്ടിക്കുന്നത് ഫവാസ് ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതരായ സംഘം ഫവാസിന്റെ മുഖത്ത് തിളച്ച ചായ ഒഴിച്ചു. ഇതോടെ പിതാവ് ഇബ്രാഹീം ഫവാസിനെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകാൻ എത്തി. ഇവർ മടങ്ങുന്നതിനിടെ യുവാക്കൾ പത്തംഗ സംഘവുമായെത്തി വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമായിരുന്നു ആക്രമണം. പരിക്കേറ്റവരെ കാസര്‍കോട്ടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൊയ്തീൻ, മിഥിലാജ്, അസറുദ്ദീൻ എന്നിവരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.