കോഴിക്കോട്: വീട്ടിൽ പ്രസവിച്ചതിനാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന പരാതിയുമായി ദമ്പതികൾ. കോഴിക്കോട് കോട്ടൂളിയിൽ താമസിക്കുന്ന ഷറാഫത്ത് മനുഷ്യാവകാശ കമീഷനിലാണ് പരാതി നൽകിയത്.
കോഴിക്കോട്ടെത്തിയിട്ട് രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാൽ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികൾ പറയുന്നു. ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഒക്ടോബർ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാൽ അന്ന് പ്രസവ വേദന വന്നില്ല. മരുന്ന് നൽകി പ്രസവം നടത്തും എന്നതിനാൽ അന്ന് ആശുപത്രിയിൽ പോയില്ല.
തങ്ങൾ രണ്ടുപേരും അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. അങ്ങനെ പ്രസവം നടത്താനും മരുന്നിനും വാക്സിനേഷനുമൊന്നിനും താൽപര്യമില്ലായിരുന്നു. നവംബർ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാർട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നൽകി. എന്നാൽ, നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് അധികൃതർ കാരണം പറയുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.