വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യൂരിറ്റി ഡെപ്പോസിറ്റിനും പരിധി നിശ്ചയിച്ചു; പുതിയ വാടകനിയമങ്ങള്‍ അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

news image
Dec 5, 2025, 10:00 am GMT+0000 payyolionline.in

കെട്ടിട വാടക വിപണിയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ പുതിയ വാടക നിയമങ്ങള്‍ (New Rent Rules 2025) അവതരിപ്പിച്ചു.

വാടകക്കാരൻ്റെയും വീട്ടുടമസ്ഥൻ്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തർക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.

പ്രധാന സവിശേഷതകള്‍

നിർബന്ധിത രജിസ്ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ (60 ദിവസം) സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തപക്ഷം 5,000 രൂപ വരെ പിഴ ഈടാക്കാം. നേരത്തെ രജിസ്ട്രേഷൻ ഇല്ലാതെ കൈയെഴുത്തു കരാറുകളോ സ്റ്റാമ്ബ് പേപ്പർ കരാറുകളോ സ്വീകരിച്ചിരുന്നു, ഇതിന് മാറ്റം വന്നിരിക്കുകയാണ്. ഡിജിറ്റല്‍ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിലൂടെ തട്ടിപ്പുകള്‍ തടയാനും നിയമം സഹായിക്കുന്നു.

അതേസമയം രജിസ്ട്രേഷൻ ചെലവുകള്‍ വാടകക്കാരനാണോ ഉടമയാണോ നല്‍കേണ്ടത്, ഡ്രാഫ്റ്റിംഗ് നിരക്കുകളും രജിസ്ട്രേഷന്‍ നിരക്കുകളും മൂലം വാടക കരാര്‍ ഉണ്ടാക്കുന്ന പ്രക്രിയ ചെലവേറിയതാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. രജിസ്ട്രേഷൻ നിരക്കുകള്‍ കേരളത്തില്‍ കൂടുതലാണെന്ന അഭിപ്രായങ്ങളും നിലവിലുണ്ട്.

വാടക വർദ്ധനവിലെ നിയന്ത്രണം: വീട്ടുടമസ്ഥർക്ക് ഇനി സ്വന്തം ഇഷ്ടപ്രകാരം വാടക വർദ്ധിപ്പിക്കാൻ കഴിയില്ല. വാടക വർദ്ധിപ്പിക്കുന്നതിന് വാടകക്കാർക്ക് 90 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നല്‍കണം. കൂടാതെ, വാർഷിക വർദ്ധനവ് സാധാരണയായി 5-10 ശതമാനം പരിധിക്കുള്ളില്‍ ഒതുങ്ങും. ഇത് വാടകക്കാർക്ക് ചെലവുകള്‍ ആസൂത്രണം ചെയ്യാൻ സഹായകമാകും.

സെക്യൂരിറ്റി ഡെപ്പോസിറ്റ് പരിധി: സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. താമസ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് മാസത്തെ വാടകയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടകയും ആയിരിക്കും പരമാവധി സെക്യൂരിറ്റി ഡെപ്പോസിറ്റ്.

തർക്ക പരിഹാരം: വാടക തർക്കങ്ങള്‍ പരിഹരിക്കുന്നതിനായി വാടക ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും. ഏതൊരു തർക്കവും 60 ദിവസത്തിനുള്ളില്‍ പരിഹരിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഒരു വാടകക്കാരൻ മൂന്ന് മാസമോ അതില്‍ കൂടുതലോ വാടക നല്‍കുന്നില്ലെങ്കില്‍, വാടക ട്രൈബ്യൂണല്‍ വഴി ഉടമയ്ക്ക് വേഗത്തില്‍ നീതി ലഭിക്കുകയും കെട്ടിടം ഒഴിപ്പിക്കുന്ന പ്രക്രിയ ലളിതമാക്കുകയും ചെയ്യും.

വാടക അടയ്ക്കുന്നതിനുള്ള വ്യവസ്ഥ: വാടക നല്‍കുന്നതിന് പ്രത്യേക തീയതി കരാറില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍, തൊട്ടടുത്ത മാസം 15-നകം വാടക നല്‍കണം. അല്ലെങ്കില്‍, 12 ശതമാനം പലിശ കൂടി നല്‍കേണ്ടിവരും.

പുതിയ നിയമം, വാടക കരാർ നിബന്ധനകള്‍ വ്യക്തമാക്കുകയും നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ വാടകക്കാരനും വീട്ടുടമസ്ഥനും ഒരുപോലെ സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe