കോഴിക്കോട് > വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. കാർ ഓടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ചൊവ്വ രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വടകര കടമേരി സ്വദേശി ആൽവിൻ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയാണ് മരിച്ചത്. പൊലീസിന് അപകടത്തിന് കാരണമായ വാഹനം സ്ഥിരീകരിക്കാനായിട്ടില്ല. രണ്ടുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസിന് വാഹനം ആരുടേതാണെന്നും ഉറപ്പിക്കാനായില്ല. രാത്രി വെള്ളയിൽ സ്‌റ്റേഷനിലെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരുവാഹനങ്ങളും പരിശോധിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല.