എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്.
പെട്രോളിന്റേയും ഡീസലിന്റേയും അടിക്കടിയുള്ള വാണിജ്യ സിലിണ്ടർ വില വർധനവിന്റേയും പിന്നാലെയാണ് സാധാരണക്കാർക്ക് ഇരുട്ടടിയായി ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് വില വർധിപ്പിച്ചത്. വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതിന് മുൻപ് 60 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചിരുന്നത്.
ഡൽഹിയിൽ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് നിലവിൽ 942 രൂപ നൽകേണ്ടതായി വരും. കൊൽക്കത്തയിൽ 939 രൂപയായിരുന്ന സിലിണ്ടറിന് ഇനി 968 രൂപയും നൽകേണ്ടി വരും. മുംബൈയിൽ 912 രൂപയായിരുന്നിടത്ത് 941 രൂപയായി മാറും. പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വിലവർധന. ഇത്രയൊക്കെ വില വർധിപ്പിച്ചിട്ടും തങ്ങൾക്ക് മുന്നോട്ടുപോകാൻ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്. വാണിജ്യ സിലിണ്ടർ വില കുത്തനെ കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും കുതിച്ചുയരുകയാണ്.
