തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടരുന്നതായി റിപ്പോർട്ട്. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മേയിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജാഗ്രത പാലിക്കണമെന്നും പ്രതിരോധ ശേഷി കുറഞ്ഞവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. അതിനിടെ രാജ്യത്ത് ആകെ കോവിഡ് കേസുകൾ 1000 കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. കേരളത്തിൽ കോവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകൾ നടക്കുന്നത് കൊണ്ടുമാണ് കേസുകൾ ഉയരുന്നത്. ദക്ഷിണേഷ്യയിൽ കോവിഡ് കേസുകളിലുണ്ടായ വർധനക്കു കാരണം ജെ.എൻ 1 വേരിയന്‍റ് (ഓമിക്രോണിന്‍റെ ഒരു ഉപ-വേരിയന്‍റ്) വ്യാപിക്കുന്നതാണ്.
ഈ വേരിയന്‍റ് വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. സാധാരണയായി ലക്ഷണങ്ങൾ അത്ര ഗുരുതരമല്ലാത്തതും അണുബാധയേറ്റവർ നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നവരുമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിര്‍ദേശിച്ചു.