വെറും 3 രൂപക്ക് ഒരുകിലോമീറ്റർ ​പോകാം ! ബൈക്ക് ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

news image
Mar 7, 2025, 8:25 am GMT+0000 payyolionline.in

മുംബൈ: മഹാനഗരത്തിൽ യാത്ര എളുപ്പമാക്കാൻ ബൈക്ക് ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കിലോമീറ്ററിന് വെറും മൂന്ന് രൂപ നിരക്കിൽ സേവനം ലഭ്യമാക്കാനാണ് പദ്ധതി. നയത്തിന്റെ കരട് സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കിയതായും ഉടൻ തന്നെ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അറിയുന്നു. ഇതോടെ മുംബൈയിലെ യാത്ര കൂടുതൽ വേഗത്തിലും താങ്ങാനാവുന്നതുമായി മാറും. അംഗീകാരം ലഭിച്ചാൽ ഈ മാസം
അവസാനമോ ഏപ്രിൽ ആദ്യമോ മുംബൈയിൽ ബൈക്ക് ടാക്സി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.

ബൈക്ക് ടാക്സികൾക്ക് ജി.പി.എസ് സംവിധാനം നിർബന്ധമാണെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു. പിൻസീറ്റ് യാത്രികൻ ഹെൽമെറ്റ് ധരിക്കണം, ബൈക്ക് ടാക്സികൾക്ക് മഞ്ഞ പെയിന്റ് അടിക്കണം. ഏതാനും മാസം മുമ്പ് റാപ്പിഡോ ബൈക്ക് ടാക്സി സേവനം മുംബൈയിൽ ആരംഭിച്ചിരുന്നുവെങ്കിലും ടാക്സി, റിക്ഷാ യൂണിയനുകളുടെ എതിർപ്പിനെത്തുടർന്ന് സേവനം താൽക്കാലികമായി നിർത്തിവച്ചു.

സ്ത്രീകളുടെ സുരക്ഷക്ക് പ്രത്യേക ഊന്നൽ നൽകുന്ന തരത്തിലായിരിക്കും ബൈക്ക് ടാക്സിയെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. ഇതിനായി ഗതാഗത വകുപ്പ് പ്രത്യേക നിയമങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് 22 സംസ്ഥാനങ്ങളിൽ നിലവിൽ ബൈക്ക് ടാക്സി സർവിസുകൾ പ്രവർത്തിക്കുന്നുണ്ട്. ബൈക്ക് ടാക്സികളുടെ നിരക്ക് ഓല, ഉബർ കാർ ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ പകുതിയിൽ താഴെയായിരിക്കും. ഈ സംരംഭം മഹാരാഷ്ട്രയിലെ 10,000 മുതൽ 20,000 വരെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ 100 ദിവസത്തെ കർമ്മ പദ്ധതിയിൽ ബൈക്ക് ടാക്സി സർവിസ് ഉൾപ്പെടുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe