ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടാല്‍ സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടാകും എന്ന് മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്രം വിഭാഗം തലവനായ സന്തോഷ് ടി വര്‍ഗീസ്. സ്വര്‍ണ വിലയുടെ ചരിത്രം ഇതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയേക്കാള്‍ എന്തുകൊണ്ടും റിട്ടേണ്‍സ് നല്‍കുന്ന സ്വര്‍ണമാണ് എന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ടി വര്‍ഗീസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
സ്വര്‍ണം ഒരു നല്ല നിക്ഷേപം എന്ന നിലയിലാണ് പൊതുവെ നിക്ഷേപകരും സാമ്പത്തികശാസ്ത്ര വിദഗ്ധരും കാണുന്നത്. കാരണം സ്വര്‍ണത്തിന്റെ ലഭ്യതയ്ക്ക് ഒരു വലിയ പരിമിതി ഉണ്ട്. ആ ലഭ്യതയുടെ പരിമിതി തന്നെയാണ് യഥാര്‍ത്ഥത്തില്‍ വില ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുന്നത്. മാത്രമല്ല സ്വര്‍ണത്തിന്റെ ചില സവിശേഷതകള്‍ കൂടി സ്വര്‍ണം വാങ്ങി വെക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.
ആഭരണം എന്ന രീതിയില്‍ ഉപയോഗിക്കാം. അത്ര വേഗമൊന്നും അതിന് തേയ്മാനമോ മൂല്യക്കുറവോ ഒന്നും സംഭവിക്കില്ല. അതും ഒരു പ്രധാനപ്പെട്ട കാരണമാണ്. 10 വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപ സ്വര്‍ണം വാങ്ങാന്‍ മാറ്റി വെച്ചു എന്ന് കരുതുക. അത് പോലെ തന്നെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു എന്നും കരുതുക. ഇത്തരം കണക്കുകളെല്ലാം തന്നെ സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ നിരന്തരം നടത്തികൊണ്ടിരിക്കും.
അവരുടെ പഠനത്തിലും നിരീക്ഷണത്തിലും കാണുന്നത് സ്വര്‍ണത്തിലുള്ള നിക്ഷേപമാണ് മെച്ചപ്പെട്ട റിട്ടേണ്‍സ് എന്നാണ്. ഏത് കാലയളവില്‍ ആയാലും അത് 10 വര്‍ഷ കാലയളവില്‍ ആയാലും 25 വര്‍ഷത്തെ കാലയളവ് എടുത്ത് പരിശോധിച്ചാലും സ്വര്‍ണത്തില്‍ കിട്ടുന്ന ആദായമാണ് മൂലധനവിപണിയില്‍ നടത്തുന്ന നിക്ഷേപത്തേക്കാള്‍ മൂല്യം നല്‍കുന്നത്. 10 വര്‍ഷം മുന്‍പ് 2 ലക്ഷം രൂപ സ്വര്‍ണത്തില്‍ ആയിരുന്നു നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് 7,30,000 രൂപയായി വര്‍ധിക്കും.
എന്നാല്‍ അത് ഓഹരി വിപണിയില്‍ ആയിരുന്നു എങ്കില്‍ കേവലം 6,94000 രൂപ ആയിട്ട് മാത്രമെ വര്‍ധിക്കുന്നുള്ളൂ. അതായത് ഓഹരി വിപണിയില്‍ എന്ത് നേട്ടമാണോ ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ ലഭിക്കുക അതിനേക്കാള്‍ കൂടുതലാണ് സ്വര്‍ണത്തില്‍ നിന്ന് ലഭിക്കുക. അത് തന്നെ കാണിക്കുന്നത് സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമാണ് എന്നാണ്. ഓഹരി വിപണിയില്‍ നഷ്ടങ്ങള്‍ വന്നേക്കാം
സ്വര്‍ണത്തിന്റെ കാര്യത്തില്‍ അതുണ്ടാകില്ല. കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്നതിനാല്‍ സ്വര്‍ണത്തിന്റെ വില കുറയാന്‍ സാധ്യത കുറവാണ്. ഡോളറിന്റെ മൂല്യം കുറയുന്നതും സ്വര്‍ണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്വര്‍ണവില 50000 ത്തിന് താഴേക്ക് പോകില്ല എന്ന് പറയാനാകില്ല. ഞാന്‍ ചില കണക്കുകള്‍ പറയാം. 1979 ല്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 226 ഡോളറായിരുന്നു വില. പക്ഷെ 10 വര്‍ഷം കഴിയുമ്പോള്‍ അത് 480 ഡോളറായി വര്‍ധിച്ചു. അത് വലിയ വര്‍ധനവാണ്. പക്ഷെ 2002 ആകുമ്പോഴേക്ക് അത് പകുതിയോളം കുറയുകയാണ്. ഏതാണ്ട് 278 ഡോളറായി കുറഞ്ഞു. പിന്നീട് 2006 വരെ 300 ഡോളറിന് താഴെയായിരുന്നു സ്വര്‍ണവില. ഇത് കൂടുകയും കുറയുകയും ചെയ്യുന്ന ചിത്രം സ്വര്‍ണവിലയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കാണാനാകും. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണത്തിനുള്ള താല്‍പര്യം കുറയും. സ്വര്‍ണത്തിലേക്ക് പോയ നിക്ഷേപം മുഴുവന്‍ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചുവരും. അങ്ങനെ വരുമ്പോള്‍ സ്വര്‍ണത്തിന്റെ വില കുറയും. ഇപ്പോള്‍ ഒരു ലക്ഷത്തിന് അടുത്ത് നില്‍ക്കുന്ന സ്വര്‍ണ വില സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടാല്‍ സ്വര്‍ണത്തിന്റെ വില കുറയാം. ഇതാണ് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.