വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

news image
Jul 8, 2024, 2:41 pm GMT+0000 payyolionline.in

കൊച്ചി∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ വിജിലൻസ് അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ പുരോഗതി റിപ്പോർട്ട് വിജിലൻസ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.

കേസിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയും യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ രണ്ടാം പ്രതിയും കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) എംഡി ആയിരുന്ന ദിലീപ് കുമാർ നാലാം പ്രതിയുമായിരുന്നു. കേസിൽ മൂന്നാം പ്രതിയായിരുന്ന എസ്എൻഡിപി മൈക്രോ ഫിനാൻസ് വിങ്ങിന്റെ സംസ്ഥാന കോ–ഓർഡിനേറ്റർ കെ.കെ.മഹേശനെ 2020 ജൂണിൽ യൂണിയൻ ഓഫിസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൈക്രോ ഫിനാൻസ് പദ്ധതി വഴി പിന്നാക്ക വിഭാഗങ്ങൾക്കുള്ള വായ്പ ചെറിയ പലിശയ്ക്കു നേടുകയും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി. മൈക്രോ ഫിനാൻസ് ഫണ്ടിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നത്. വിവിധ ജില്ലകളിലായുള്ള 16ഓളം യൂണിയനുകളിലൂടെ തുക വിതരണം ചെയ്തുവെന്നു കാണിച്ച് വ്യാജ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി തുക തട്ടിയെടുക്കുകയായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

2003 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ 15.85 കോടി രൂപ ഇത്തരത്തിൽ കെഎസ്ബിസിഡിസി എംഡിയുടെ കൂടി ഒത്താശയോടെ വിതരണം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ എസ്എൻഡിപി ചിറ്റൂർ താലൂക്ക് യൂണിയൻ, മാനന്തവാടി താലൂക്ക് യൂണിയൻ, പുൽപ്പള്ളി താലൂക്ക് യൂണിയൻ, റാന്നി താലൂക്ക് യൂണിയൻ എന്നിവയുടെ മുൻ ഭാരവാഹികൾ മൈക്രോ ഫിനാൻസ് വഴി വിതരണം ചെയ്യേണ്ട പണം സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിൽ പുൽപ്പള്ളി താലൂക്ക് യൂണിയന്റെ മുൻ ഭാരവാഹികൾ 2007ലും 2014ലും ഫണ്ടിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഈ യൂണിയനുകളിലൂടെ വെട്ടിപ്പ് നടത്തിയ ഭാരവാഹികളും കേസിൽ പ്രതികളാകുമെന്നും വിജിലൻസ് എസ്പി ഡോ. ജെ.ഹേമചന്ദ്രനാഥ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe