പൊന്നാനി: ദേശീയപാത 66-ല്‍ സജ്ജീകരിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയില്‍ ടോള്‍പിരിവ് ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളിലായി 116 ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും 58 വീതം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അറുപതോളം 360 ഡിഗ്രി ക്യാമറകളാണ്. വളാഞ്ചേരി-കാപ്പിരിക്കാട് വരെ 29 ക്യാമറകള്‍ ചുറ്റുംതിരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 360 ഡിഗ്രി ക്യാമറകളാണ്. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ടാകും. കൂടാതെ ജങ്ഷനുകളിലും എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
വെട്ടിച്ചിറയിലും കുറ്റിപ്പുറത്തുമായി രണ്ടു കണ്‍ട്രോള്‍റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറാദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജീവനക്കാരുണ്ടാകും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദൃശ്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറും. വാഹനങ്ങളുടെ വേഗത പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ ഓരോ അഞ്ചു കിലോമീറ്ററിലുമുണ്ടാകും. അമിതവേഗതയിലാണ് വാഹനമെങ്കില്‍ ചുവപ്പ് അക്കത്തില്‍ വേഗത സ്‌ക്രീനില്‍ തെളിയും. ശ്രദ്ധിച്ചില്ലെങ്കില്‍ പണി ഉറപ്പ് ദേശീയപാതയിലൂടെ തോന്നിയപോലെ വാഹനം ഓടിക്കുമ്പോള്‍ മാത്രമല്ല ക്യാമറകള്‍ പണിതരുക. മൂന്നുമിനിറ്റില്‍ കൂടുതല്‍ വാഹനം പാതയില്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടാലും ക്യാമറയില്‍ കുടുങ്ങും. അമിതവേഗം, ട്രാക്ക് തെറ്റി ഓടിക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാത്തത് തുടങ്ങിയവയെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. ക്യാമറകള്‍ മൂന്നുതരം വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ കൂടാതെ രണ്ടുതരം ക്യാമറകള്‍കൂടി ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. എക്‌സിറ്റ് പോയിന്റിലൂടെ ആറുവരിപ്പാതയിലേക്ക് വാഹനങ്ങള്‍ കടക്കുന്നതും എന്‍ട്രി പോയിന്റിലൂടെ വാഹനങ്ങള്‍ പുറത്തുകടക്കുന്നതും പിടികൂടാന്‍ പ്രത്യേക ക്യാമറകളുണ്ട്. വെഹിക്കിള്‍ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റം ക്യാമറകളാണിവ. എക്സിറ്റ്, എന്‍ട്രി പോയിന്റുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അപകടങ്ങള്‍ സംഭവിച്ചാലും ദിശമാറി വാഹനമോടിച്ചാലും കണ്‍ട്രോള്‍റൂമില്‍ ദൃശ്യങ്ങളെത്തുക ഈ ക്യാമറകളിലൂടെയാണ്. പ്രവേശനാനുമതിയില്ലാത്ത വാഹനങ്ങള്‍ പാതയിലേക്കു കടന്നാലും ദ്യശ്യങ്ങള്‍ ക്യാമറയില്‍ പതിയും. 360 ഡിഗ്രി തിരിയാന്‍ കഴിയുന്ന പിടിസെഡ് (പാന്‍, ടില്‍റ്റ്, സൂം) ക്യാമറകളാണ് മറ്റൊരു പ്രത്യേകത. വാഹനങ്ങളുടെ പാര്‍ക്കിങ്, റോഡ് മുറിച്ചുകടക്കല്‍ എന്നിവ ഈ ക്യാമറവഴി നിരീക്ഷിക്കും. വേഗം 100 അല്ല, 80 ആറുവരിപ്പാതയില്‍ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആണെന്നുകരുതി കുതിച്ചുപായാന്‍ വരട്ടെ. ആദ്യഘട്ടത്തില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ല. നിലവില്‍ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ പരമാവധി വേഗം 50 കിലോമീറ്ററാണ്. നടന്നുകയറേണ്ടാ, ബൈക്കിലും വേണ്ടാ പാതയ്ക്കരികിലൂടെ നടക്കാമെന്നോ റോഡ് മുറിച്ചുകടക്കാമെന്നോ കരുതേണ്ടാ. കാല്‍നടക്കാര്‍ക്ക് ആറുവരിപ്പാതയിലേക്കു പ്രവേശനമില്ല. അതുപോലെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവയ്ക്കും പുതുപാതയിലൂടെ സഞ്ചരിക്കാനാകില്ല. എന്നാല്‍, സര്‍വീസ് റോഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം വാഹനങ്ങളും കാല്‍നടക്കാരും ആറുവരിപ്പാത ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, റോഡ് മുറിച്ചുകടക്കരുത്