പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ സ്വീകരണ വേദിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്തരമൊരു പൊതുവേദിയിൽ വെച്ച് നേതാക്കൾക്കിടയിൽ ഉന്തും തള്ളും ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും ഷാഫി കൂടുതൽ സംയമനം പാലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കാൻ വിളിക്കാത്തതിലുള്ള അമർഷമാണ് ഷാഫിയെ പ്രകോപിപ്പിച്ചത്. എന്നാൽ അത്തരം വലിയൊരു സദസ്സിനെ സാക്ഷിനിർത്തി ഇത്തരത്തിൽ ക്ഷോഭിക്കുന്നത് ഉചിതമല്ല. ഷാഫിക്കുണ്ടായത് പെട്ടെന്നുണ്ടായ ക്ഷോഭമാണെന്നും “യൂ മസ്റ്റ് കൺട്രോൾ യുവർ സെൽഫ്” (You must control yourself) എന്ന് താൻ അപ്പോൾ തന്നെ അദ്ദേഹത്തോട് പറഞ്ഞതായും മുല്ലപ്പള്ളി വെളിപ്പെടുത്തി. സ്റ്റേജിൽ ആളുകളെ കയറ്റുന്ന കാര്യത്തിൽ സംഘാടകർക്ക് നിയന്ത്രണം വേണമായിരുന്നുവെന്നും അത് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സംഘർഷത്തിനിടെ താൻ താഴെ വീണു എന്ന വാർത്തകൾ മുല്ലപ്പള്ളി നിഷേധിച്ചു. “ഞാൻ സ്റ്റേജിൽ വീണിട്ടില്ല, അവിടെയുണ്ടായിരുന്ന നല്ലൊരു സോഫയിൽ ഇരുന്നതാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
