വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും; ‘കവചം’ സംവിധാനം ഇന്ന് നിലവിൽ വരും

news image
Jan 21, 2025, 3:13 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.

 

കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന സമയം സംസ്ഥാനത്തെ എല്ലാ സൈറണുകളും ഒരേ സമയം പ്രവർത്തിക്കുമെന്നും ജനം പരിഭ്രാന്തരാകരുത് എന്നും അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിവിധ ജില്ലകളിലെ തെര‌ഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സൈറണുകൾ സ്ഥാപിച്ചുകഴി‌ഞ്ഞു. ഒന്നിലേറെ തവണ പരീക്ഷണങ്ങളും നടത്തി ഇവയുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe