വ്യാജ തോക്ക് ഉണ്ടാക്കി തൃശൂരില്‍ ജോലി ചെയ്ത കശ്മീര്‍ സ്വദേശിയെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്

news image
Nov 22, 2023, 5:16 am GMT+0000 payyolionline.in

തൃശൂര്‍: വ്യാജ ആയുധ ലൈസന്‍സ് നിര്‍മിച്ച് സെക്യൂരിറ്റി ഗാര്‍ഡായി ജോലി നേടിയ കശ്മീര്‍ സ്വദേശി തൃശൂരില്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ കോട്ട് രങ്ക താലൂക്കിലെ രജൌരി സ്വദേശി അശോക് കുമാറി(39) നെയാണ് മുംബൈ പോലീസിന്റെ സഹായത്തോടെ മുംബൈയില്‍ നിന്നും തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കൂര്‍ക്കഞ്ചേരിയിലെ ഒരു സ്ഥാപനത്തിലാണ് വ്യാജ ലൈസന്‍സ് ഹാജരാക്കി ജോലി നേടിയത്. ലൈസന്‍സ് ഒറിജിനലാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് കരമന പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞ പ്രതി കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ജോലി വിട്ട് മുങ്ങുകയായിരുന്നു.  രണ്ടു വര്‍ഷത്തോളം  ജമ്മു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കഴിഞ്ഞു . മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയും സിം കാര്‍ഡുകള്‍ മാറ്റിയും പോലീസിനെ കബളിപ്പിച്ചാണ് കഴിഞ്ഞു വന്നത്.

സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കേസന്വേഷണം തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കമ്മീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിയെ കുറിച്ച് ഇതര സംസ്ഥാനങ്ങളിലെ സെക്യൂരിറ്റി സ്ഥാപനങ്ങളിലും മറ്റും   അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പ്രതി മുംബൈയിലെ താനെയിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍മാരായ വി.എ. രമേഷ്, എം ഹബീബ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുധീപ് എന്നിവരടങ്ങുന്ന സംഘം മുംബൈയിലെത്തി ലോക്കല്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.  പ്രതി ഉപയോഗിച്ചിരുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

നേരത്തെ പ്രതിയെ കണ്ടെത്തുന്നതിനായി രണ്ടുതവണ പോലീസ് സംഘം ജമ്മുകാശ്മീരിലെ രജൗരിയില്‍ എത്തിയിരുന്നുവെങ്കിലും സുരക്ഷാ ഭീഷണി മൂലം കണ്ടെത്താന്‍ സാധിച്ചിരുല്ല. അറസ്റ്റ് ചെയ്ത പ്രതിയെ മുബൈ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയശേഷം  തൃശൂര്‍ ജെ.എഫ്.സി.എം രണ്ടാം നമ്പര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികളുടെ പങ്കാളിത്തവും  ബന്ധങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe