പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് മണ്ണാർക്കാട് കോടതി വ്യക്തമാക്കി. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിദ്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. 3 ദിവസം കഴിഞ്ഞ് ഹാജരാകാനാണ് നീലേശ്വരം പൊലീസ് നൽകിയ നിർദേശം.
താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു വ്യാജ രേഖാ കേസിലെ ജാമ്യാപേക്ഷയിൽ കെ വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നിന്ന് പിജിക്ക് റാങ്ക് നേടിയ തനിക്ക് വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും വിദ്യ കോടതിയിൽ വാദിച്ചു. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ലെന്നും വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.