വ്യാജപേരിൽ ജർമനിയിൽനിന്ന് എം.ഡി.എം.എ എത്തിച്ചു; കോഴിക്കോട് കുതിരവട്ടം സ്വദേശി പിടിയിൽ

news image
Mar 4, 2025, 3:31 am GMT+0000 payyolionline.in

കൊച്ചി: ഡാർക്ക്‌ വെബ് ഉപയോഗിച്ച് ജർമനിയിൽ നിന്ന് ​കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് അറസ്റ്റിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. കുറഞ്ഞ വിലക്ക് ലഹരി എത്തിച്ച് വൻ വിലക്ക് മറിച്ചുവിൽക്കലായിരുന്നു ലക്ഷ്യമത്രെ.

എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫിസിലേക്കാണ് ജർമനിയിൽ നിന്ന് പാഴ്സൽ എത്തിയത്. സ്കാനിങ്ങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫിസിൽ അറിയിച്ചു. ഇവർ നടത്തിയ ​അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം സമാന രീതിയിൽ ഫോറിൻ പോസ്റ്റ് ഓഫിസ് വഴി ലഹരി കടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവും പിടിയിലായിരുന്നു.

ഡാർക്ക് വെബ് വഴി നിസാബെന്ന വ്യാജ പേരും മേൽവിലാസവും നൽകിയാണ് മിർസാബ് എം.ഡി.എം.എക്ക് ഓർഡർ ചെയ്തത്. ടോറ ബ്രൗസർ ഉപയോഗിച്ചാണ് ഡാർക്ക് വെബിലെത്തിയത്. ക്രിപ്റ്റോ കറൻസി വഴിയാണ് പണം നൽകിയത്. പാഴ്സൽ കൈപറ്റാൻ സുഹൃത്തിനെ അയച്ചു. കോഴിക്കോടായിരുന്ന പ്രതി ലഹരി വാങ്ങാൻ എറണാകുളത്തെത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe