മാഹി: മലബാറിലെ പ്രഥമ ബസിലിക്കയായ മാഹി സെന്റ് തെരേസാ ദേവാലയത്തിൽ ആവിലായിലെ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം ഒമ്പതാം ദിവസം പിന്നിടുമ്പോൾ അനേകായിരം വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്. വിദ്യാരംഭ ദിനമായ ഞായറാഴ്ച നൂറുകണക്കിന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.
ഫാ.മാത്യു കല്ലറങ്ങാട്ട്, മോൺ.ജെൻസൻ പുത്തൻവീട്ടിൽ, ഫാ. തോമസ് ഐ.എം.എസ്, ഫാ. നോബിൾ ജൂട്, ഡീക്കൻ സി.പി. അൽഫിൻ ജൂട്സൺ, ഡീക്കൻ അജിത് ഫെർണാണ്ടസ് എന്നിവർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി. വൈകീട്ട് ഫാ. പാസ്കലിന്റെ കർമികത്വത്തിൽ തമിഴ് ഭാഷയിൽ ദിവ്യബലി നടന്നു. നിരവധി വിശ്വാസികൾ തമിഴ് ദിവ്യബലിയിൽ സംബന്ധിച്ചു.
ഞായറാഴ്ച വൈകീട്ട് ഡോ. ഫ്രാൻസിസ് കലിസ്റ്റിനെ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെയും തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ പൂമാലയണിയിച്ച് സ്വീകരിച്ചു. ജപമാല നടത്തി.
പുതുച്ചേരി അതിരൂപത മെത്രാൻ ഡോ. ഫ്രാൻസിസ് കലിസ്റ്റിന്റെ മുഖ്യ കാർമികത്വത്തിൽ ഇംഗ്ലീഷ് ഭാഷയിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയുണ്ടായി. സെന്റ് ആന്റണിസ് കുടുംബ യൂനിറ്റ് ദിവ്യബലിക്ക് നേതൃത്വം നൽകി.
തിരുനാളിന്റെ പ്രധാന ദിനമായ തിങ്കളാഴ്ച വൈകീട്ട് 5.30ന് ജപമാലയും ആറിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, നൊവേനയും അമ്മത്രേസ്യ പുണ്യവതിയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണവും തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും.ചൊവ്വാഴ്ച പുലർച്ച ഒന്നു മുതൽ രാവിലെ ഏഴുവരെ ശയന പ്രദക്ഷിണം ഉണ്ടാകും