വർക്കലയിൽ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

news image
Jul 14, 2023, 4:47 am GMT+0000 payyolionline.in

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. നേരത്തെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരെ ക്ഷണിച്ച് ആഘോഷമായി നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.

കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരൻ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മൺവെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നാല് പേരും റിമാന്റിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe