ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

news image
Oct 9, 2024, 7:04 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന വേളയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്ന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്‍ഷം 90000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്‌പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നുവെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു.

ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നല്‍കുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാറിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe