ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ എസ്.ഐ.ടി കസ്റ്റഡിയിൽ

news image
Nov 26, 2025, 7:46 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ എസ്.ഐ.ടി കസ്റ്റഡിയിൽ. കൊല്ലം വിജിലൻസ് കോടതി രണ്ട് ദിവസത്തേക്കാണ് പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തുടർന്ന് മെഡിക്കൽ പരിശോധനക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തന്ത്രിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്തേക്കും.

കേസിൽ അന്വേഷണസംഘത്തിന് ഹൈകോടതി അനുവദിച്ച ആറാഴ്ച സമയപരിധി നാളെ കഴിയാനിരിക്കെ ചോദ്യം ചെയ്യലിൽ പത്മകുമാർ നൽകുന്ന മൊഴി ഇനി നിർണായകമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ എസ്.ഐ.ടി വിശദമായ പരിശോധന നടത്തും.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. ഉണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നും അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞപ്രകാരമെന്നും തന്ത്രിമാർ നൽകിയ മൊഴിയിൽ പറയുന്നു. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചുമതലയെന്നും തന്ത്രിമാർ പറഞ്ഞു. എസ്.ഐ.ടി ഓഫിസിലെത്തിയാണ് ഇരുവരും മൊഴി നൽകിയത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ യുട്യൂബ് വിഡിയോ അപ്‍ലോഡ് ചെയ്തതിൽ കെ. എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തു. എസ്. ശ്രീജിത്ത് ഐ.പി.എസിന്‍റെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe