ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ തൊടാതെ ഇ.ഡി; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

news image
Apr 19, 2026, 7:54 am GMT+0000 payyolionline.in

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വഴിമുട്ടുന്നു. കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇ.ഡി, ജനുവരിയിൽ നടപടികൾ ആരംഭിച്ചെങ്കിലും ഇതുവരെ പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. ഇതിനിടെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് വീണ്ടും തിരിച്ചടിയായി.

അഡീഷണൽ ഡയറക്ടർ അശുഘോയലിനെയാണ് അലഹബാദിലേക്ക് സ്ഥലം മാറ്റിയത്. പകരം എത്തിയ പുതിയ ഉദ്യോഗസ്ഥൻ കേസ് ഫയലുകൾ പരിശോധിച്ചു തുടങ്ങിയിട്ടില്ലെന്നാണ് വിവരം. കേസിലെ പ്രധാനികളായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നത് ഇ.ഡി അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. മുരാരി ബാബു അടക്കമുള്ള ചിലരെ മാത്രമാണ് ഇതുവരെ ഇ.ഡി വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല.

ഇ.ഡി അന്വേഷണം നിലച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ (SIT) അന്വേഷണവും ഇഴയുകയാണ്. സംഭവത്തിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. രണ്ട് ഏജൻസികളുടെയും അന്വേഷണം മന്ദഗതിയിലായത് പ്രതികളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിലേക്കും ഉന്നതതല ബന്ധങ്ങളിലേക്കും അന്വേഷണം നീളുന്നതിനിടെയാണ് ഉദ്യോഗസ്ഥതല മാറ്റങ്ങളും മെല്ലെപ്പോക്ക് നയവും ഉണ്ടാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe