മണ്ഡല മകരവിളക്ക് മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്നും ശബരിമലയിൽ ഭക്തജനത്തിരക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ രാത്രി 9 മണി വരെ ശബരിമലയിൽ ദർശനം നടത്തിയത് 88000ത്തിലധികം പേരാണ്. 70000 പേർക്ക് വെര്‍ച്വൽ ക്യൂ വഴിയും 20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടനത്തിനുള്ള സൗകര്യമാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. തിരക്ക് വർധിക്കുമ്പോഴും തീര്‍ഥാടകര്‍ക്ക് സുഗമമായി ദർശനം നടത്താനായി. ഒന്നര ദിവസത്തിനിടെ 1,63,000ൽ അധികം പേർ മല ചവിട്ടി.
അതേസമയം, ഇടുക്കി അതിർത്തി വഴി ശബരിമലയിലേക്കു കടന്നു വരുന്ന തീർത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ നാല് ചെക്ക് പോസ്റ്റുകളാണുള്ളത്. ഇതിൽ കുമളി,കമ്പംമെട്ട് ചെക്ക് പോസ്റ്റുകൾ കടന്നാണ് കൂടുതൽ തീർത്ഥാടകരെത്തുന്നത്.
തമിഴ്നാട്, ആന്ധ്ര,കർണാടക എന്നിവിടങ്ങളിൽ നിന്നും ശബരിമലയിലേക്ക് ഏറ്റവുമധികം തീർത്ഥാടകർ കടന്നു പോകുന്നത് കേരളാതിർത്തിയിലെ കുമളി ചെക്ക്പോസ്റ്റ് വഴിയാണ്. ഇതു വഴിയാണ് തീർത്ഥാടകരുടെ തിരക്കാരംഭിച്ചത്. നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൊലീസും വിവിധ ഡിപ്പാർട്ടുമെൻ്റുകളും തീർത്ഥാടകരുടെ സുരക്ഷിതയാത്രക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കി. കുമളി അതിർത്തി മുതൽ വിവിധ മേഖലകളിലായി പൊലീസ് ഉദ്യോഗസ്ഥരെ തീർത്ഥാടകരുടെ സുരക്ഷിതയാത്രക്കായി നിയോഗിച്ചിട്ടുണ്ട്.
എക്സൈസ്,ഫോറസ്റ്റ്, തുടങ്ങിയ ഡിപ്പാർട്ടുമെൻ്റുകളും തീർത്ഥാടകർക്കായി സൗകര്യങ്ങളൊരുക്കും. വാഹനങ്ങളിലും കാൽനടയായും ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകരുണ്ട്. തീർത്ഥാടനകാലം അവസാനിക്കുന്നതു വരെ തീർത്ഥാടകർക്കായി ചെക്ക് പോസ്റ്റുകളിൽ ഇരുപത്തിനാല് മണിക്കൂറും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
