ശബരിമലയിൽ തിരക്ക് നിയന്ത്രണത്തിൽ ഗുരുതര പിഴവ്; പ്രശ്നം പരിഹരിച്ചത് വടക്കേനടയിലെ ഗേറ്റ് തുറന്ന്

news image
Nov 26, 2024, 5:46 am GMT+0000 payyolionline.in

ശബരിമല: ശബരിമലയിൽ തിരക്ക് നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട പൊലീസിന്റെ രണ്ടാം ബാച്ച് ചുമതലയേറ്റ് മണിക്കൂറുകൾ പിന്നിടും മുമ്പ് തിരക്ക് നിയന്ത്രണത്തിൽ ഗുരുതര പിഴവ്. ഹരിവരാസനം പാടി നടയടച്ച ശേഷം സന്നിധാനത്ത് അവശേഷിക്കുന്ന ഭക്തരെ പുറത്തേക്ക് ഇറക്കുന്ന വടക്കേ നടയിലെ ഗേറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചങ്ങല ഉപയോഗിച്ച് പൂട്ടിയതാണ് വലിയ നടപ്പന്തലിൽ അടക്കം തിരക്ക് നിയന്ത്രണം പിഴക്കാൻ ഇടയാക്കിയത്. ഇതോടെ ഹരിവരാസനം തൊഴാൻ കാത്തു നിന്നവരും ഇരുമുടിയേന്തി പടികയറി എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നും അടക്കമുള്ള ഭക്തരും പുറത്തേക്കിറങ്ങാൻ വഴിയില്ലാതായി.

ഗേറ്റ് പൂട്ടിയ സംഭവമറിഞ്ഞ് എത്തിയ സന്നിധാന സ്പെഷ്യൽ ഓഫീസർ സി.ഐയെ പരസ്യമായി ശകാരിച്ചു. തിങ്കളാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.ഐയുടെ നിർദ്ദേശപ്രകാരം ഭക്തരെ പുറത്തേക്കിറക്കുന്ന വടക്കേ ഗേറ്റ് പൂട്ടുകയായിരുന്നു. പതിവുപോലെ വടക്കേ നട വഴി പുറത്തേക്ക് ഇറങ്ങാൻ എത്തിയ തീർഥാടകർ അടക്കമുള്ളവരോട് സ്റ്റാഫ് ഗേറ്റ് വഴി പുറത്തിറങ്ങുവാൻ സി.ഐ നിർദ്ദേശിച്ചു.

വടക്കേ നടവഴി തീർഥാടകരെ പുറത്തേക്ക് ഇറക്കുന്നതാണ് രീതിയെന്ന് മാധ്യമപ്രവർത്തകരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും പറഞ്ഞെങ്കിലും സി.ഐ അത് ചെവിക്കൊണ്ടില്ല. ഇതോടെ സ്റ്റാഫ് ഗേറ്റിൽ പുറത്തേക്കിറങ്ങാനുള്ളവരുടെ തിക്കും തിരക്കുമായി. ഇത് മൂലം വലിയ നടപന്തലിൽ ക്യൂ നിൽക്കുന്ന തീർഥാടകരെ പതിനെട്ടാംപടി കയറ്റാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.

താഴെ തിരുമിറ്റത്തും വലിയ നടപന്തല്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ സംഭവമറിയാതെ കുഴങ്ങി. ഇതോടെയാണ് വലിയ നടപ്പന്തൽ അടക്കം തീർഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞത്. സംഭവമറിഞ്ഞ് പതിനൊന്നരയോടെ സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ.ഇ ബൈജു എത്തി. രാവിലെ നടന്ന ബ്രീഫിങ്ങിൽ സന്നിധാനത്ത് പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ലേ എന്ന് ചോദിച്ചായിരുന്നു സി.ഐക്ക് നേരെ സ്പെഷ്യൽ ഓഫീസറുടെ ശകാരം. തുടർന്ന് പൂട്ടിയ വടക്കേ നടയിലെ ഗേറ്റ് തുറക്കാൻ ഉത്തരവിട്ടു. ഇതോടെയാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe