ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് കെ.എൻ ബാല​ഗോപാൽ

news image
Mar 30, 2024, 12:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ.എൻ ബാല​ഗോപാൽ. ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്നും എല്ലാവർക്കും കൃത്യമായി കൊടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകക്ക് വേണ്ടി ഇടപെടാൻ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ സമ്മർദം ചെലുത്തിയില്ല. ശമ്പളം മുടങ്ങുമെന്ന വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു. അങ്ങനെയാണ് ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞത്. കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.

25,000 കോടിക്കു മുകളിൽ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഏറെയുണ്ടായി.

കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ട സ്ഥിതിയും വന്നു. കേസ് കൊടുത്തതിന്റെ ഭാഗമായി മാർച്ച് വരെയുള്ള പണം പോലും തരാൻ കഴിയില്ലെന്ന് നിലപാട് കേന്ദ്രം സ്വീകരിച്ചു. എന്നാൽ, കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും ബാല​ഗോപാൽ പറഞ്ഞു. അതേസമയം, കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് വീണ്ടും കേന്ദ്ര മന്ത്രി നിർമല സീതാരാമൻ രം​ഗത്ത് വന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe