ന്യൂഡല്‍ഹി: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതുച്ചേരി ജിപ്മെറിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ശിവശങ്കറിന് നട്ടെല്ല് സ്വയം പൊടിഞ്ഞുപോകുന്ന അസുഖമാണെന്ന പ്രസ്തുത റിപ്പോർട്ട് സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം നീട്ടി. നേരത്തെ നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായി അനുവദിച്ച ജാമ്യം സുപ്രീംകോടതി നീട്ടിയിരുന്നു. ചികിത്സക്കായി അനന്തമായി ജാമ്യം നീട്ടരുതെന്ന എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ വാദം തള്ളിയാണ് കോടതി നടപടി.
ലൈഫ് മിഷൻ അഴിമതിക്കേസിൽ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആറ് മാസത്തെ ജയിൽവാസത്തിനൊടുവിൽ ആഗസ്റ്റിൽ ഇടക്കാല ജാമ്യം ലഭിച്ചു. ഇ.ഡിയുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയവേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കർശന വ്യവസ്ഥകൾ കോടതി മുന്നോട്ടുവെച്ചിരുന്നു.