വിഷ്ണു വിശാലും നിവേദ പെതുരാജും അഭിനയിച്ച ‘ജഗജാല കില്ലാഡി’ എന്ന ചിത്രം നിർമിച്ചത് ശിവാജി ഗണേശന്റെ ചെറുമകൻ ദുഷ്യന്തിന്റെയും ഭാര്യ അഭിരാമിയുടെയും ഉടമസ്ഥതയിലുള്ള ‘ഈസൻ പ്രൊഡക്ഷൻസ്’ എന്ന കമ്പനിയായിരുന്നു. സിനിമ നിർമാണത്തിനായി ‘ധനഭാഗ്യം’ എന്റർപ്രൈസസിൽനിന്നാണ് വായ്പ എടുത്തിരുന്നത്. വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
വിരമിച്ച ജഡ്ജി രവീന്ദ്രനെ കോടതി മധ്യസ്ഥനായി നിയമിച്ചു. 2024 മേയിൽ ‘ജെഗജാല കില്ലാഡി’ എന്ന സിനിമയുടെ മുഴുവൻ അവകാശങ്ങളും ധനഭാഗ്യം എന്റർപ്രൈസസിന് കൈമാറാൻ ഇദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പലിശ സഹിതം 9.39 കോടി രൂപയാണ് അടക്കാനുണ്ടായിരുന്നത്. എന്നാൽ, സിനിമയുടെ അവകാശം നൽകാത്തതിനാൽ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടി പൊതു ലേലത്തിന് വെക്കണമെന്ന് ആവശ്യപ്പെട്ട് ധനഭാഗ്യം കമ്പനി മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.