ഷഹാനയുടെ മരണം: ഒളിവിലായിരുന്ന ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

news image
Jan 23, 2024, 9:59 am GMT+0000 payyolionline.in

തിരുവനന്തപുരം∙ തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് സുനിത, ഭർത്താവ് നൗഫൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കാട്ടക്കടയിൽനിന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഏറെ നാളായി ഒളിവിലായിരുന്നു. വണ്ടിത്തടം ക്രൈസ്‌റ്റ് നഗർ റോഡിൽ വാറുവിള പുത്തന്‍ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാൻ സുൽഫത്ത് ദമ്പതിമാരുടെ മകൾ ഷഹാന (23) ഡിസംബർ അവസാനവാരമാണ് മരിച്ചത്.

ഭർത്താവിന്റെ പീഡനത്തെ തുടർന്ന് സ്വന്തം വീട്ടിലായിരുന്നു ഷഹാന. ഒന്നര വയസുള്ള മകളും ഒപ്പമുണ്ടായിരുന്നു. വീട്ടിൽനടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഷഹാനയെയും മകളെയും കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നു. എന്നാൽ ഒപ്പം ചെല്ലാൻ ഷഹാന തയാറായില്ല. കുട്ടിയെ കൂട്ടി ഭർത്താവ് പോയതിനു പിന്നാലേ ഷഹാന മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

2020ലാണ് നൗഫലിന്റെയും ഷഹാനയുടെയും വിവാഹം നടന്നത്. വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. ഷഹാനയുടെ കുടുംബത്തിന് സാമ്പത്തിക സ്ഥിതിയില്ലെന്ന് നൗഫലിന്റെ ഉമ്മ നിരന്തരം പരിഹസിച്ചിരുന്നതായി ഷഹാനയുടെ കുടുംബം ആരോപിച്ചിരുന്നു. ശാരീരിക പീഡനവും ഉണ്ടായി. മർദനം അടക്കം ഉണ്ടായതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് മടങ്ങി.

അനുജന്റെ മകന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ കൂട്ടിക്കൊണ്ടുപോകാനാണ് ഭർത്താവ് നൗഫൽ ഡിസംബർ 26ന് എത്തിയത്. നേരിട്ട് ക്ഷണിക്കാത്തതിനാൽ ഷഹാന പോയില്ല. കുട്ടിയെയും എടുത്ത് നൗഫൽ പോയതോടെ ഷഹാന മുറിയിൽ കയറി വാതിൽ അടച്ചു. വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ച പൊലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതികൾ കടയ്ക്കലിൽ ഒളിവിൽ കഴിയുന്ന വിവരം തിരുവല്ലം പൊലീസ് കടയ്ക്കൽ പൊലീസിനെ അറിയിച്ചിരുന്നു. നവാസ് ഈ വിവരം അറിയിച്ചതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഫോർട്ട് അസി.കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe