ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ; നിയമനടപടി സ്വീകരിക്കാൻ അനുമതി​ തേടി

news image
Oct 29, 2025, 6:18 am GMT+0000 payyolionline.in

വടകര: വാർത്താസമ്മേളനത്തിൽ തന്റെ ഫോട്ടോ സഹിതം ഷാഫി പറമ്പിൽ എം.പി നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി വടകര കൺട്രോൾ റൂം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്. തനിക്കെതിരെ ദുരുദ്ദേശപരവും അപകീർത്തികരവുമായ പരാമർശമാണ് എം.പി നടത്തിയത് എന്നാ​ണ് ആക്ഷേപം. എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി വടകര റൂറൽ എസ്.പിക്കാണ് അഭിലാഷ് അപേക്ഷ നൽകിയത്.

സംഘർഷത്തിനിടെ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രധാന ആരോപണം. വാർത്താസമ്മേളനത്തിൽ പേരെടുത്ത് പറഞ്ഞ ഷാഫി പറമ്പിൽ, പാർട്ടിക്ക് വേണ്ടി കൊട്ടേഷൻ പണി യാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാനുള്ള സി.ഐയുടെ അപേക്ഷ എസ്.പി, ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. നടപടിക്രമം പാലിച്ച് അനുമതി ലഭിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥന് നിയമനടപടിയിലേക്ക് കടക്കാൻ സാധിക്കൂ.

തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ഷാഫി പറമ്പിൽ എംപി ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. പേരാമ്പ്ര സംഘർഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാൻ ശ്രമം നടന്നെന്നും അതിന് നേതൃത്വം നൽകിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സർവിസിൽ നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സർവീസിലേക്ക് തിരികെ കയറ്റിയത്. ഇയാൾ അത്ര നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനല്ല. ദുരുദ്ദേശപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്ക് കൊണ്ടുവന്നതെന്നും എംപി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നൽകുകയും ചെയ്തിരുന്നു.

‘മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റി. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാൾ. സർവിസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകൾ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ​ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനർനിയമിച്ചത് കൊണ്ടാണ് ആ രേഖകൾ പുറത്ത് വിടാത്തത്’ -എന്നായിരുന്നു വാർത്താസ​മ്മേളനത്തിൽ ഷാഫി ആരോപിച്ചത്.

ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ, കോഴിക്കോട് ഡിസിസി നേതൃത്വവും ഡിജിപിക്ക് പരാതി നൽകിയിരുന്നു. എംപിയെ മർദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ച വടകര ഡിവൈഎസ്പിക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യ​പ്പെട്ടു. എന്നാൽ, ഈ പരാതിയിൽ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe