കൊല്ലം: ഷാർജയിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ കേസിൽ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്‌ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ആത്മഹത്യാ പ്രേരണക്കുള്ള വകുപ്പുകൾ പ്രോസിക്യൂഷൻ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. മരണം കൊലപാതകമെന്ന് കാണിച്ചാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. നേരത്തെ സതീഷിനെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു.
ജൂലൈ 19നാണ് തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ശരീരത്തിൽ മർദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.