ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന

news image
Jan 21, 2026, 9:02 am GMT+0000 payyolionline.in

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇവർ സംസ്ഥാനം വിട്ടതായാണ് സൂചന. സംഭവത്തില്‍ ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും ഷിംജിതയും ദീപക്കും യാത്ര ചെയ്ത സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ഷിംജിതക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നും വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് പിടികൂടണമെന്നുമാണ് ദീപക്കിന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

കേസെടുത്തതോടെ വടകര സ്വദേശിനിയായ ഷിംജിത ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വിദേശത്ത് താമസിച്ചതിനാല്‍ രാജ്യം വിട്ട് പോകാനുള്ള സാധ്യത കണ്ടുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ മംഗളുരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെ ഷിംജിത സ്വിച്ച് ഓഫ് ആക്കിയതാണ്. പിന്നീട് ഓണാക്കിയിട്ടില്ല.

യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മുഴുവന്‍ വീഡിയോയും ലഭിച്ചാല്‍ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. അതിനായി ഫോൺ പിടിച്ചെടുത്ത് പരിശോധിക്കേണ്ടതുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് ഷിംജിതക്കെതിരെ കേസെടുത്തത്. യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത്തരമൊരു സംഭവം ബസില്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും പൊലീസിനു മൊഴി നല്‍കി. റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ നിന്നു ദീപക് മുന്‍വശത്തെ വാതിലിലൂടെയും ഷിംജിത പിന്‍വശത്തെ വാതിലിലൂടെയും കയറുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe