തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന് പുരസ്കാര പ്രഖ്യാപനം നടത്തും. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല, അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ട്. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുൻപിൽ എത്തിയത്. മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്.
നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസും ജോജു ജോർജിന്റെ പണി എന്നിവ ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറി പരിഗണിച്ചത്. മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടി, വിജയരാഘവൻ, ആസിഫ് അലി, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, നസ്ലിൻ എന്നിവർ ഫൈനൽ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
