അമെച്ചർ കിക്ക് ബോക്സിങ് അസോസിയേഷൻ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന പാരാ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലാ സി.ഡി.എം.ആർ.പിയിലെ താരങ്ങൾ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. കോട്ടയത്ത് നടന്ന മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ പത്തുപേരും മികച്ച നേട്ടങ്ങൾ കൈവരിച്ചതോടെ ജില്ലാ ടീം ചാമ്പ്യന്മാരായി. ടി. ആതിര, ഇ. ശ്രീശാന്ത്, അംജിത, പി.എം. ഷെമീറ ഹുസ്ന, എം.പി. ഹംനസ്, പി.എൻ.എം. വലീദ് ലത്തീഫ് അഹമദ്, സി. മുഹമ്മദ് നിഹാൽ, മുഫ്ഷിറ നഹീമ, കെ. അഭിനവ്, എം.വി. മുഹമ്മദ് ഷബീബ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിലെ അംഗങ്ങളായ ഇവർക്ക് മലപ്പുറം അമെച്ചർ കിക്ക് ബോക്സിങ് സെക്രട്ടറി സി. നിധീഷാണ് പരിശീലനം നൽകിയത്. ഡൗൺ സിൻഡ്രോം, ഓട്ടിസം എന്നിവ ബാധിച്ച കുട്ടികൾ പ്രതീകാത്മക എതിരാളികളെ നേരിട്ടാണ് തങ്ങളുടെ കായികക്ഷമത തെളിയിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബൂട്ട്ലാൻഡ് ഫൗണ്ടേഷൻ എം.ഡി. ഹരികൃഷ്ണൻ താരങ്ങൾക്കുള്ള യാത്രാസൗകര്യം ഒരുക്കി. സംസ്ഥാന സെക്രട്ടറി എസ്. വിവേകിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
