തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റൺ കൈമാറി. റവഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയോടെ അദ്ദേഹം കണ്ണൂരിലേക്ക് പോകും.
സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയാണ് ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവഡ. യു.പി.എസ്.സി കേരളത്തിന് കൈമാറിയ പട്ടികയിൽ ഒന്നാമനും സീനിയറുമായ നിതിൻ അഗർവാളിനെ മറികടന്നാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ റവഡയെ നിയമിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. 1991 ബാച്ചുകാരനായ റവഡക്ക് 2026 ജൂലൈ വരെ സർവിസുണ്ട്.
എന്നാൽ, സംസ്ഥാന പൊലീസ് മേധാവിയാകുന്നവർക്ക് കുറഞ്ഞത് രണ്ടുവർഷത്തെ സർവിസ് വേണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരുവർഷം കൂടി നീട്ടിനൽകും. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ റവഡയെ സംസ്ഥാന പൊലീസ് മേധാവി കസേരയിലേക്ക് പരിഗണിക്കുന്നതിനെതിരെ കണ്ണൂർ സി.പി.എം നേതൃത്വം കടുത്ത എതിർപ്പാണ് പാർട്ടി സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നത്. ഇത് അവഗണിച്ചാണ് റവഡയെ കൊണ്ടുവരാൻ പിണറായി വിജയൻ തീരുമാനിച്ചത്.
തിങ്കളാഴ്ച ചേർന്ന ഓൺലൈൻ മന്ത്രിസഭയോഗത്തിൽ യു.പി.എസ്.സി കേരളത്തിന് കൈമാറിയ പട്ടികയിലുള്ള നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ സർവിസ് ചരിത്രം മുഖ്യമന്ത്രി അവതരിപ്പിച്ചു. അപ്പോഴും റവഡക്ക് കൂത്തുപറമ്പിലെ പങ്ക് അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചില്ല. പകരം മൂവരിൽ ഭേദം റവഡയാണെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ, മറ്റ് എതിർശബ്ദങ്ങളില്ലാതെ നിയമനം മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട-സ്തുത്യർഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.