സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവയാണെന്നും പുതിയ ജയിലുകൾ ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് വലിയ സാമൂഹ്യ പ്രശ്നമാണ്. ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജയിലുകളിൽ സംഘർഷാവസ്ഥയില്ല. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ജയിലിലെ അന്തേവാസികളുടെ ഭാഗത്തുനിന്നും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം- പത്തനംതിട്ട മേഖലയില്‍ പുതിയ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാൻ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. വിയ്യൂര്‍ കഴിഞ്ഞാല്‍ തിരുവനന്തപുരത്താണ് മറ്റൊരു സെന്‍ട്രല്‍ ജയില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ മേഖലയില്‍ സെന്‍ട്രല്‍ ജയിലിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വേലി പ്രവർത്തനക്ഷമം അല്ലാതിരുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് കാരണമായത്. മൂന്ന് സെൻട്രൽ ജയിലുകളിലും വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ട്. ജയിൽ ചാടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ജനങ്ങളുടെ സഹായത്തോടെ പിടികൂടി. ഇതിന് ഇടവരുത്തിയ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.