സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 275.02 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി വി ശിവൻകുട്ടി

news image
Jan 28, 2026, 3:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 2025- 26 സാമ്പത്തിക വർഷത്തിൽ 275.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലായി വരുന്ന സ്കൂളുകളുടെ നവീകരണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണ് ഈ തുക വിനിയോഗിക്കുന്നതെന്നും മന്ത്രി.സംസ്ഥാനത്തെ 147 സെക്കൻഡറി സ്കൂളുകളുടെ വികസനത്തിനായി 165.45 കോടി രൂപയും, 46 ഹയർ സെക്കൻഡറി സ്കൂളുകൾക്കായി 41.86 കോടി രൂപയും നീക്കിവെച്ചു. 19 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കായി 9.58 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 19 സ്കൂളുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 3.47 കോടി രൂപയും, ചരിത്രപരമായ പ്രാധാന്യമുള്ള 4 പൈതൃക സ്കൂളുകളുടെ സംരക്ഷണത്തിനായി 3.79 കോടി രൂപയും വിനിയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ബജറ്റിൽ വകയിരുത്തിയ വിവിധ പ്രവൃത്തികൾക്കായി 28 സ്കൂളുകൾക്ക് 37.10 കോടി രൂപയും, സംസ്ഥാനത്തെ 31 സ്കൂളുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി 3.77 കോടി രൂപയുമാണ് അനുവദിച്ചത്‌. കൂടാതെ, 14 ജില്ലകളിലെയും സ്കൂളുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, ലാബ് ഉപകരണങ്ങൾ, കായിക-സംഗീത ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ മികച്ച നിലവാരമുള്ള വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe